IPL 2024: 'അടിവാരത്തെ' ആര്‍സിബി ഇപ്പോള്‍ ചെന്നൈയ്ക്ക് ഭീഷണി! നോക്കാം കണക്കിലെ കളികള്‍

IPL 2024 Playoffs scenario: കാല്‍ക്കുലേറ്റര്‍ എന്നും സാല കപ്പ് എന്നും വിളിച്ച് കളിയാക്കിയവരെയെല്ലാം അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് ആർസിബി പുറത്തെടുക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 14, 2024, 02:02 PM IST
  • ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പേടി സ്വപ്‌നമായി മാറാന്‍ ആര്‍സിബിയ്ക്ക് സാധിച്ചു.
  • ചെന്നൈയ്ക്ക് പ്ലേ ഓഫിലെത്താന്‍ അടുത്ത മത്സരത്തില്‍ ആര്‍സിബിയെ മുട്ടുകുത്തിക്കണം.
  • ആര്‍സിബി നിലവില്‍ പോയിന്റ് പട്ടികയില്‍ ചെന്നൈയ്ക്ക് തൊട്ടുപിന്നില്‍ ആറാം സ്ഥാനത്തുണ്ട്.
IPL 2024: 'അടിവാരത്തെ' ആര്‍സിബി ഇപ്പോള്‍ ചെന്നൈയ്ക്ക് ഭീഷണി! നോക്കാം കണക്കിലെ കളികള്‍

ഐപിഎല്‍ മത്സരങ്ങള്‍ ആദ്യ പകുതിയില്‍ എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. തുടക്കം മുതല്‍ പരാജയങ്ങളുടെ പടുകുഴിയിലേയ്ക്ക് വീണെങ്കിലും ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പേടി സ്വപ്‌നമായി മാറാന്‍ ആര്‍സിബിയ്ക്ക് സാധിച്ചു. പോയിന്റ് ടേബിളില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ നിന്ന് താഴേയ്ക്ക് ഇറങ്ങാതിരുന്ന ചെന്നൈയ്ക്ക് പ്ലേ ഓഫിലെത്താന്‍ അടുത്ത മത്സരത്തില്‍ ആര്‍സിബിയെ മുട്ടുകുത്തിക്കണം എന്നതാണ് അവസ്ഥ. 

കാല്‍ക്കുലേറ്റര്‍ എന്നും സാല കപ്പ് എന്നുമെല്ലാം വിളിച്ച് കളിയാക്കിയവരെയും എന്തിനേറെ പറയുന്നു ആരാധകരെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ ആര്‍സിബി പുറത്തെടുത്തത്. ആദ്യത്തെ എട്ട് മത്സരങ്ങളില്‍ ഒരു വിജയം മാത്രമായിരുന്നെങ്കില്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ പരാജയമറിയാതെ കുതിക്കുന്ന ആര്‍സിബി നിലവില്‍ പോയിന്റ് പട്ടികയില്‍ ചെന്നൈയ്ക്ക് തൊട്ടുപിന്നില്‍ ആറാം സ്ഥാനത്തുണ്ട്. 

ALSO READ: കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; നെയ്മർ കളിക്കുമോ?

മെയ് 18നാണ് ഏവരും ഉറ്റുനോക്കുന്ന ചെന്നൈ - ആര്‍സിബി മത്സരം നടക്കുക. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നതും സമീപകാല ഫോമും ആര്‍സിബിയ്ക്ക് മേല്‍ക്കൈ നല്‍കുന്നുണ്ട്. ആര്‍സിബിയെ സംബന്ധിച്ചിടത്തോളം ചെന്നൈയ്ക്ക് എതിരായ മത്സരം ജീവന്‍ മരണ പോരാട്ടമാണ്. കാരണം, ആര്‍സിബിയേക്കാള്‍ പ്ലേ ഓഫ് സാധ്യത കൂടുതലുള്ള ടീം ചെന്നൈയാണ്. 14 പോയിന്റുകളുള്ള ചെന്നൈയ്ക്കും ഈ മത്സരം ഏറെ നിര്‍ണായകമാണ്. 

തുടര്‍ ജയങ്ങള്‍ റണ്‍റേറ്റില്‍ വലിയ കുതിപ്പ് നല്‍കിയെങ്കിലും ആര്‍സിബിയേക്കാള്‍ (0.387) നേരിയ മുന്‍തൂക്കം ചെന്നൈയ്ക്കുണ്ട് (0.528). ഇതോടെ അവസാന മത്സരത്തില്‍ ചെന്നൈയെ എത്ര റണ്‍സിന് പരാജയപ്പെടുത്തണം എന്ന കണക്കുകൂട്ടലിലാണ് ആര്‍സിബി ആരാധകര്‍. ഇരുടീമുകളും തമ്മില്‍ റണ്‍റേറ്റില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ടോസ് ഏറെ നിര്‍ണായകമാകും. 

ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈയെ 18 റണ്‍സിനെങ്കിലും പരാജയപ്പെടുത്തിയാല്‍ മാത്രമേ റണ്‍റേറ്റില്‍ മുന്നിലെത്താന്‍ ആര്‍സിബിയ്ക്ക് സാധിക്കൂ. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ 11 പന്തുകളെങ്കിലും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കണം എന്നതാണ് നിലവിലെ സാഹചര്യം. എന്നാല്‍ ഇതുകൊണ്ട് മാത്രം ആര്‍സിബി പ്ലേ ഓഫില്‍ എത്തില്ല എന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.

അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിച്ച് ചെന്നൈയെ മറികടന്ന് മൂന്നാമത് എത്തണം. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ എങ്കിലും പരാജയപ്പെടുകയും വേണം. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയ്ക്ക് പ്ലേ ഓഫിലേയ്ക്ക് മുന്നേറാനാകൂ. അതിനാല്‍ ആര്‍സിബിയുടെ വിധി അറിയാന്‍ ആരാധകര്‍ 18 വരെ കാത്തിരിക്കേണ്ടി വരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News