Yashasvi Jaiswal: പയ്യന്‍ നിസാരക്കാരനല്ല...! ടെസ്റ്റ് റാങ്കിംഗില്‍ രോഹിത്തിനെയും മറികടന്ന് യശസ്വി ജയ്‌സ്വാള്‍

ICC Test Rankings: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇതിനോടകം തന്നെ 655 റൺസാണ് യശസ്വി ജയ്സ്വാൾ അടിച്ചുകൂട്ടിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 04:54 PM IST
  • 4 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 655 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്.
  • രണ്ട് ഇരട്ട സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും ജയ്സ്വാൾ സ്വന്തമാക്കി.
  • ബൗളര്‍മാരുടെ റാങ്കിംഗില്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
Yashasvi Jaiswal: പയ്യന്‍ നിസാരക്കാരനല്ല...! ടെസ്റ്റ് റാങ്കിംഗില്‍ രോഹിത്തിനെയും മറികടന്ന് യശസ്വി ജയ്‌സ്വാള്‍

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ യുവതാരം യശസ്വി ജയ്‌സ്വാളിന് വന്‍ മുന്നേറ്റം. പുതിയ റാങ്കിംഗ് അനുസരിച്ച് ജയ്‌സ്വാള്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12-ാമത് എത്തി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ മറികടന്നാണ് യശസ്വിയുടെ കുതിപ്പ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് 13-ാം സ്ഥാനത്താണ്.  

വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയില്‍ നിന്ന് ആദ്യ 10ല്‍ ഇടം പിടിച്ചിട്ടുള്ള ഏക ബാറ്റ്‌സ്മാന്‍. ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കാതിരുന്ന കോഹ്ലി രണ്ട് സ്ഥാനങ്ങള്‍ താഴേയ്ക്ക് ഇറങ്ങി 9-ാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിരാട് കോഹ്ലിയുടെ വമ്പന്‍ നേട്ടത്തിനൊപ്പം എത്താന്‍ ജയ്‌സ്വാളിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് നിലവില്‍ കോഹ്ലിയും ജയ്‌സ്വാളും പങ്കിടുകയാണ്.

ALSO READ: 'വിശപ്പുള്ളവർക്ക്' മാത്രം അവസരം; ടെസ്റ്റ് കളിക്കാതെ മുങ്ങി നടക്കുന്നവർക്ക് താക്കീതുമായി രോഹിത് ശർമ

4 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 655 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്. 2016/17ല്‍ നടന്ന പരമ്പരയില്‍ വിരാട് കോഹ്ലിയും 655 റണ്‍സ് നേടിയിരുന്നു. ഒരു മത്സരം കൂടി അവശേഷിക്കെ ഈ റെക്കോര്‍ഡ് ജയ്‌സ്വാള്‍ സ്വന്തം പേരിലാക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. രണ്ട് അര്‍ധ സെഞ്ച്വറികളും രണ്ട് ഇരട്ട സെഞ്ച്വറികളുമാണ് ഈ പരമ്പരയില്‍ ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. 

അതേസമയം, നാലാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മൂന്നാം സ്ഥാനത്താണ്. ഓസീസ് താരം സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. സമീപ കാലത്തെ തകര്‍പ്പന്‍ ഫോമിന്റെ കരുത്തില്‍ ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്തുണ്ട്. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ച ശുഭ്മാന്‍ ഗില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 31-ാമത് എത്തി. 

നാലാം ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും ബൗളര്‍മാരുടെ റാങ്കിംഗില്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി. നാലാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി 6 വിക്കറ്റുകള്‍ വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജഡേജയാണ് ആദ്യ 10ല്‍ ഇടംനേടിയ മറ്റൊരു ഇന്ത്യന്‍ താരം. നിലവില്‍ 6-ാം സ്ഥാനത്താണ് ജഡേജ. കുല്‍ദീപ് യാദവ് 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 33-ാം സ്ഥാനത്തെത്തി. ടെസ്റ്റ് ടീം റാങ്കിംഗില്‍ 117 പോയന്‍റുകളുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇത്രയും പോയന്‍റുകളുള്ള ഇന്ത്യ രണ്ടാമതും 115 പോയന്‍റുകളുള്ള ഇംഗ്ലണ്ട് മൂന്നാമതുമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News