Chaver: ചാക്കോച്ചനും അർജുനും പെപ്പേയും മാത്രമല്ല; 'ചാവേറി'ൽ ഞെട്ടിക്കാൻ സംഗീതയും!

Chaver official trailer: പാർട്ടിക്കു വേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെട്ടവരുടെ ചോര മണക്കുന്ന ജീവിതമാണ് ചാവേർ വരച്ചുകാട്ടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 12:52 PM IST
  • സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ സോഷ്യൽ മീഡിയയിൽ വിസ്മയമായിരിക്കുകയാണ്.
  • ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
  • ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് ചാക്കോച്ചൻ എത്തുന്നത്.
Chaver: ചാക്കോച്ചനും അർജുനും പെപ്പേയും മാത്രമല്ല; 'ചാവേറി'ൽ ഞെട്ടിക്കാൻ സംഗീതയും!

കുഞ്ചാക്കോ ബോബനേയും ആന്‍റണി വർഗ്ഗീസിനേയും അർജുൻ അശോകനേയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമാണ് 'ചാവേർ' എന്നാണ് ഇതുവരെ പുറത്തുവന്നിരുന്ന വിവരങ്ങള്‍. എന്നാൽ ഞെട്ടിക്കുന്ന ഒട്ടേറെ സർപ്രൈസുകള്‍ ചിത്രത്തിലുണ്ടെന്ന് വിളിച്ചോതുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ചാവേർ' ട്രെയിലർ. 

പാർട്ടിക്കു വേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെട്ടവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞുകൊണ്ട് ടിനു പാപ്പച്ചനൊരുക്കുന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ സോഷ്യൽ മീഡിയയിൽ വിസ്മയമായിരിക്കുകയാണ്. ജീവനുതുല്യം വിശ്വസിക്കുന്ന പാർട്ടിക്കു വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടേയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടേയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. 

ALSO READ: 'മുട്ടനടി' ഇനി ഒടിടിയിൽ കാണാം; ആർഡിഎക്സ് ഒടിടിയിൽ എത്തി

ആദ്യ രണ്ട് സിനിമകളിലൂടെ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റിയ സംവിധായകൻ ഒരുക്കുന്ന തന്‍റെ മൂന്നാമത് ചിത്രമായെത്തുന്ന 'ചാവേറി'നായി ഏവരേയും ആകാംക്ഷാപൂർവ്വം കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതാണ് രണ്ട് മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയിലർ. സിനിമാ ലോകത്തെ വൻ താരനിരയുടെ സാന്നിധ്യത്തിലാണ് കൊച്ചിയിൽ ലെ-മെറിഡിയനിൽ നടന്ന പ്രൊഢഗംഭീരമായ ചടങ്ങിൽ ട്രെയിലർ പുറത്തിറക്കിയത്. മലയാളത്തിന്‍റെ സ്വന്തം മോഹൻലാലിന്‍റേയും പൃഥ്വിരാജിന്‍റേയും ടൊവിനോയുടേയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. 

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പ്രമേയം. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് കുഞ്ചാക്കോ ബോബനേയും അർജുൻ അശോകനേയും ആന്‍റണി വർഗ്ഗീസിനേയും ജോയ് മാത്യുവിനേയുമൊക്കെ ട്രെയിലറിൽ കാണാനാകുന്നത്. അടുത്തിടെ 'ന്നാ താൻ കേസ് കൊട്' സിനിമയിലൂടെ രാജീവനായി ഞെട്ടിച്ച ചാക്കോച്ചൻ ചാവേറിൽ അശോകനായി വിസ്മയിപ്പിക്കുമെന്ന് ഉറപ്പിക്കാം. 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പിൽ സിനിമയിലെത്തുന്നുണ്ടെന്ന് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സിനിമയിലേക്കുള്ള ഇവരുടെ മടങ്ങിവരവ് എന്നതും പ്രേത്യേകതയാണ്. മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. 

കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന  തിരക്കഥയിലാണ് ടിനു പാപ്പച്ചൻ 'ചാവേർ' ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ 'ചാവേർ' തിയേറ്ററുകളിൽ തന്നെ കാണാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ്. 

രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുൻനിർത്തി ഒട്ടേറെ നിഗൂഢതകളും ദുരൂഹതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളുമൊക്കെ നൽകിയിരുന്ന സൂചന. ചടുലമായ ദൃശ്യങ്ങളും സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News