Karippur Gold Smuggling Case: താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

ഞായറാഴ്ച്ച പുലർച്ചെയാണ് നമ്പറില്ലാത്ത കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ താമരശ്ശേരിയിൽ നിന്നും പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 01:11 AM IST
  • ഇയാളിൽ നിന്നും താമരശ്ശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്
  • ഇവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി
  • ഇയാൾക്കും സംഘത്തിനും രക്ഷപ്പെടുന്നതിന് വാഹനം കൈമാറിയ ആളുകളും നിരീക്ഷണത്തിലാണ്
  • ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം
Karippur Gold Smuggling Case: താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കർച്ചാ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പ്രത്യേക അന്വേഷണ സംഘത്തിൻറെ പിടിയിലായി. താമരശ്ശേരി കുടുക്കിലംമാരം സ്വദേശി കുടുക്കിൽപൊയിൽ ഇജാസ് (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച്ച പുലർച്ചെയാണ് നമ്പറില്ലാത്ത കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ താമരശ്ശേരിയിൽ നിന്നും പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തപ്പോൾ സംഭവ ദിവസം താമരശേരിയിൽ നിന്നും വന്ന സ്വർണകടത്ത് സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായും ആർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്നതായും തുടർന്ന് പാലക്കാട് സംഘം വന്ന കാർ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടതായും പറയുന്നു. ഇയാളിൽ നിന്നും താമരശ്ശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.

80ഓളം പേർ സംഭവ ദിവസം വിവിധ വാഹനങ്ങളിലായി വിമാനത്താവളത്തിൽ വന്നതായും തിരിച്ചറിയുന്നതിന് വാഹനങ്ങളിൽ സ്റ്റിക്കറും എല്ലാവർക്കും പ്രത്യേക തരം മാസ്കും വിതരണം ചെയ്തത് ഇവരുൾപ്പെട്ട സംഘമാണെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കും സംഘത്തിനും രക്ഷപ്പെടുന്നതിന് വാഹനം കൈമാറിയ ആളുകളും ഒളിവിൽ കഴിയാൻ സഹായം നൽകിയതുൾപ്പെടെ സൗകര്യങ്ങൾ ചെയ്തു നൽകിയ ആളുകളും നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

കഴിഞ്ഞ ദിവസം കൊടുവള്ളി സംഘത്തിലെ പ്രതികൾക്ക് ബം​ഗളൂരുവിൽ ഒളിവിൽ കഴിയാൻ താമസ സൗകര്യം ചെയ്തു കൊടുത്ത ചിന്നൻ ബഷീർ എന്നയാളെ ബം​ഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കൊടിയത്തൂർ സ്വർണ കടത്ത് സംഘത്തിന് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്തതിന് അലി ഉബൈറാൻ എന്നയാളേയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 47 ആയി. 18 വാഹനങ്ങളും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്, കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News